ജയൻ

Name in English
Jayan
Date of Birth
Date of Death

1939 ൽ കൊല്ലം തേവള്ളിയിൽ കൊട്ടാരം വീട്ടിൽ മാധവൻ പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായി ജനനം. യഥാർത്ഥ നാമം കൃഷ്ണൻ നായർ. പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കി ഇന്ത്യൻ നാവിക സേനയിൽ നാവികനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച ജയൻ പതിനാറു വർഷത്തെ നാവികജീവിതത്തിനു ശേഷം വിരമിച്ചു. നാവികനായിരിക്കെ തന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കാൻ താല്പര്യം കാണിച്ചിരുന്ന ജയൻ പിന്നീട് സ്റ്റണ്ട് ആർട്ടിസ്റ്റായാണ് ആദ്യമായി സിനിമാരംഗത്തേക്ക് വന്നത്. പിന്നീട് 1970 കളിലെ മലയാള യുവത്വത്തിന്റെ ഹരമായി മാറിയ ഈ നടൻ മലയാളസിനിമയിലെ ആദ്യത്തെ സൂപ്പർസ്റ്റാർ പദവി അലങ്കരിച്ചു. 

ജയൻ എന്ന പേരു സ്വീകരിക്കുന്നതിനു മുൻപ് “പോസ്റ്റ്മാനെ കാണ്മാനില്ല’ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു. പിന്നീട് മധുബാല നായികയായ പേരിടാത്ത ഒരു ചിത്രത്തിൽ കൂടി ചെറിയവേഷം ചെയ്തെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. ‘ശാപമോക്ഷം’ എന്ന ചിത്രത്തിലാ‍ണ് ജയൻ എന്ന നാമത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് എന്നതുകൊണ്ട് ആ ചിത്രം തന്റെ ആദ്യ ചിത്രമായി ജയൻ കണക്കാക്കിയിരുന്നു. ശാപമോക്ഷത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടൻ ജോസ് പ്രകാശ് ആണ് ജയൻ എന്ന് പേര് നിർദ്ദേശിച്ചത്. 

1976 ൽ പുറത്തിറങ്ങിയ ‘പഞ്ചമി’ എന്ന ചിത്രത്തിലെ ഫോറസ്റ്റ് റേഞ്ചറുടെ വേഷമാണ് ജയന്റെ ആദ്യത്തെ ശ്രദ്ധിക്കപ്പെടുന്ന വേഷം. പിന്നീട് ‘തച്ചോളി അമ്പു’, ‘ഏതോ ഒരു സ്വപ്നം’ എന്നീ ചിത്രങ്ങളിലെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു. 1979 ൽ വന്ന ‘ശരപഞ്ചരം’ എന്ന ചിത്രത്തിലൂടെ ജയൻ എന്ന നടൻ മലയാളി യുവത്വത്തിന്റെ എക്കാലത്തെയും വാഴ്ത്തപ്പെട്ട ആക്ഷൻ ഹീറോ എന്ന പദവി കയ്യടക്കി. 

1980 ൽ മദ്രാസിലെ ഷോളവാരത്ത്, പി എൻ സുന്ദരം സംവിധാനം ചെയ്ത ‘കോളിളക്കം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരണമടയുമ്പോൾ ജയൻ എന്ന നടൻ 125 മലയാള ചിത്രങ്ങളിലും ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചിരുന്നു.